
മലയാള സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'ഭാവനാ സ്റ്റുഡിയോസ്' ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോട് പുരോഗമിക്കുന്നു. പ്രശസ്ത നർത്തകിയായ സുജിന ശ്രീധരൻ (നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന്റെ ഭാര്യ) ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചിത്രമാണിത്. നടൻ ഇന്ദ്രജിത്ത് സുകുമാരന്റെ നായികയായാണ് സുജിനയുടെ സിനിമാ അരങ്ങേറ്റം. 'പ്രേമലു' താരം സന്ദീപ് പ്രദീപ് ചിത്രത്തിൽ ഇവരുടെ മകന്റെ വേഷത്തിൽ എത്തുന്നു.
ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്.
അണിയറയിൽ പ്രമുഖർ
'അനുരാഗ് എൻജിനീയറിംഗ് വർക്ക്സ്', 'ബിനീഷേട്ടൻ റൂം മേറ്റ്' എന്നീ ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളിലൂടെയും 'പൂവൻ', 'ഐ ആം കാതലൻ' എന്നീ സിനിമകളിലെ അഭിനയത്തിലൂടെയും പ്രേക്ഷകർക്ക് പരിചിതനായ നവാഗതൻ കിരൺ ജോസി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പർ ഹിറ്റ് ചിത്രം 'പ്രേമലു', ഇനി റിലീസാകാനുള്ള 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കൂടിയാണ് കിരൺ ജോസി.
നടൻ അനുരാജ് ഒ.ബി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെയും തിരക്കഥാ പങ്കാളിയാണ് അനുരാജ്. നിതീഷും അനുരാജും ചേർന്നാണ് ആ മമ്മൂട്ടി ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.
'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഓണം റിലീസിന്
അതേസമയം, ഭാവനാ സ്റ്റുഡിയോസിന്റെ നിർമ്മാണത്തിൽ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം വരാനിരിക്കുന്ന ഓണം റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.










